മൂന്നാര്‍: മൂന്നാര്‍ നല്ലതണ്ണി പാലത്തിനു സമീപം റോഡരികില്‍ സംരക്ഷണ ഭിത്തി ഇല്ലാത്തത് അപകടക്കെണിയാകുന്നു. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഇരുവശത്തും കോണ്‍ക്രീറ്റ് ഉയര്‍ത്തി ബലപ്പെടുത്തിയെങ്കിലും പിന്നീട് ഒരു പുരോഗതിയും ഉണ്ടായില്ല. കഴിഞ്ഞ മൂന്നു മാസമായി പാലംപണി നിലച്ച മട്ടാണ്. ഇതോടെയാണ് ഇരുവശത്തും അപകടസാധ്യത ഉണ്ടായത്.
താത്കാലികമായി സംരക്ഷണമൊരുക്കാന്പോലും അധികാരികള്‍ തയാറായിട്ടില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് കാലവര്‍ഷക്കെടുതിയില്‍ നശിച്ച പാലം കഴിഞ്ഞ വര്‍ഷമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്.
ഇതിനായി 20 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അനുവദിക്കുകയും ചെയ്തു. എന്നാല്‍, ഈ ഫണ്ടില്‍ പാലം പണി പൂര്‍ത്തിയാക്കാനാവില്ല എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. പാലത്തിന്റെ ഇരു വശത്തും പുഴയിയില്നിന്നു കോണ്‍ക്രീറ്റ് ഉപയോഗിച്ച് കെട്ടിപ്പൊക്കിയതോടെ ആ ഫണ്ട് തീര്‍ന്ന അവസ്ഥയിലാണ്. ഇനി പണി പൂര്‍ത്തിയാക്കണമെങ്കില്‍ കൂടുതല്‍ തുക അനുവദിക്കേണ്ടി വരും.